Latest Kerala Education News – 13 December 2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക
എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ നം: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ: www.srccc.in ൽ ലഭ്യം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31 നകം ലഭിക്കണം.
അനിമേഷൻ കോഴ്സുകളിൽ അപേക്ഷിക്കാം
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ്, ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതൾ. വിശദവിവരങ്ങൾക്ക്: 0471-2325154, 8590605260.